സാർകോപീനിയ

പ്രായം കൂടുമ്പോൾ ശരീരത്തിലെ പേശികളുടെ വലിപ്പവും ശക്തിയും കുറയുന്ന അവസ്ഥയാണ് സാർകോപീനിയ.
പ്രോട്ടീൻ കുറവ്, ശാരീരിക പ്രവർത്തന കുറവ്, അസ്ഥിരോഗങ്ങൾ, ഹൈപ്പർടെൻഷൻ, സാമൂഹ്യ-ആരോഗ്യ പ്രശ്നങ്ങൾ എന്നിവ സാർകോപീനിയയുടെ പ്രധാന കാരണങ്ങളാണ്.
ഫലപ്രദമായ സമീപനം പ്രതിരോധം തന്നെയാണ്: നിത്യേന വ്യായാമം ചെയ്യുക, നല്ല പോഷകം ഉള്ള ഭക്ഷണം കഴിക്കുക, സാമൂഹ്യബന്ധങ്ങൾ നിലനിർത്തുക
അറിഞ്ഞിരിക്കാം സാർകോപീനിയ എന്ന ഭീകരനെ, നേരിടാം ഫലപ്രദമായി …..
കേരളത്തിന് പ്രായം കൂടിക്കൊണ്ടിരിക്കുകയാണ്, അല്ലേ? പല ഭവനങ്ങളും ഇനി ഒരിക്കലും വരാൻ സാധ്യത ഇല്ലാത്ത ഉടമകൾക്ക് വേണ്ടി കാത്തിരിക്കുന്നു. മിക്ക ആൾത്താമസം ഉള്ള വീടുകളിലും മുറ്റത്ത് ഓടി കളിക്കുന്ന കുട്ടികളോ പണി എടുക്കുന്ന ചെറുപ്പക്കാരോ ഇല്ല. ഉള്ളവർ എല്ലാം പ്രായമായവർ, മുതിർന്നവർ. ഇതുമൂലം നമ്മൾ പലവിധ സാമൂഹിക-ആരോഗ്യ പ്രശ്നങ്ങൾ നേരിടുവാൻ തുടങ്ങിയിട്ടുണ്ട്. അവയിൽ അധികം ആർക്കും വലിയ പരിചയം ഇല്ലാത്ത കക്ഷിയാണ് സാർകോപീനിയ. കേരളത്തിലെ മുതിർന്നവരിൽ സാർകോപീനിയ ഒരു പ്രധാനമായ ആരോഗ്യപ്രശ്നമാണ്. ഇതുമൂലം പലരുടെയും സ്വയംപര്യാപ്തത നഷ്ടപ്പെടുന്നു. ഇത് വീഴ്ച, അസ്ഥി പൊട്ടൽ, ആശുപത്രി പ്രവേശന സാധ്യത, മരണസാധ്യത എന്നിവ വർദ്ധിപ്പിക്കുന്നു. ആരാണീഭീകരൻ? പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിലെ പേശികളുടെ വലിപ്പവും ശക്തിയും കുറയുന്ന ഒരു അവസ്ഥയാണ് സാർകോപീനിയ.
എന്താണ് സാർകോപീനിയ?

“സാർക്സ് (മാംസം) ‘പിനിയ’ (നഷ്ടം) എന്നി ഗ്രീക്ക് പദങ്ങളിൽ നിന്നാണ് സാർകോപീനിയ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ഇതുകൊണ്ട് അർഥമാക്കുന്നത് ‘മാംസത്തിന്റെ നഷ്ടം’ എന്നാണ്. പേശികളുടെ പിണ്ഡം, ശക്തി, പ്രവർത്തനം എന്നിവ കുറയുന്ന ഈ അവസ്ഥ സാധാരണയായി 30 വയസ്സിന് ശേഷം ആരംഭിക്കുകയും 60 വയസ്സിന് ശേഷം ത്വരിതപ്പെട്ടുതുടങ്ങുകയും ചെയ്യുന്നു.
Asian Working Group for Sarcopenia (AWGS) യുടെ പഠനം അനുസരിച്ച് 60 നു മുകളിൽ പ്രായം ആയ 5-21% വരെ ആളുകളിൽ സാർകോപീനിയ ഉണ്ട് . നമ്മുടെ നാട്ടിലും 60 വയസ്സിന് മുകളിലുള്ളവരിൽ സാർകോപീനിയ വളരെ കൂടുതലാണ്. സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങൾ, പോഷകാഹാര കുറവ്, ശാരീരിക പ്രവർത്തനകുറവ് തുടങ്ങിയവയുള്ളവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. ആഹാരത്തിലെ പ്രോട്ടീൻ കുറവ്, അസ്ഥിരോഗങ്ങൾ, ഹൈപ്പർടെൻഷൻ പോലെയുള്ള മറ്റ് രോഗങ്ങൾ എന്നിവയും ഈ അവസ്ഥയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ
സാർകോപീനിയയുടെ പ്രധാന ലക്ഷണങ്ങൾ പലപ്പോളും സൂക്ഷ്മവും എളുപ്പത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ആണ്.
പേശി ശക്തി കുറയൽ,
ശരീരഭാരം കുറയൽ,
ഇടയ്ക്കിടെ ഉള്ള വീഴ്ചകൾ,
നടത്തത്തിലെ വേഗത കുറവ്,
സാധാരണ പ്രവർത്തനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ ചില സൂചനകൾ ആണ്.
രോഗനിർണയം
സാർകോപീനിയയുടെ നിർണയത്തിന് AWGS നിർദ്ദേശിച്ച മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ പ്രധാനമായി
മുഷ്ടി ബലം (Handgrip Strength)
നടത്തത്തിന്റെ വേഗത (Gait Speed)
പേശി ഭാരം അല്ലെങ്കിൽ പേശി അളവ്(Muscle Mass) എന്നിവ അളന്ന് വിലയിരുത്തുന്നു.
ഡെക്സാ സ്കാൻ (Dual-Energy X-ray Absorptiometry) സാർകോപീനിയ രോഗനിർണയത്തിന് സഹായകരമാണ്. ഡെക്സാ സ്കാൻ ശരീരത്തിലെ പേശി, കൊഴുപ്പ്, അസ്ഥി എന്നിവയുടെ കൃത്യമായ അളവുകൾ നൽകുന്നു. പേശികളുടെ ഭാരം കൃത്യമായി നിർണയിക്കാനും ഡെക്സാ സ്കാൻ സഹായിക്കുന്നു. Sarcopenia ഉള്ളവരിൽ പേശി ഭാരം സാധാരണയായി കുറവായിരിക്കും. കൂടാതെ, ചിലരിൽ പേശി കുറവായിരിക്കുമ്പോഴും കൊഴുപ്പ് കൂടുതലായിരിക്കാം. ഇവർ കാണുമ്പോൾ നല്ല ആരോഗ്യമുള്ളവർ ആയിരിക്കും. എന്നാൽ പല വിധ ജീവിത ശൈലി രോഗങ്ങളും ഇവരെ പിടികൂടാം. ഈ അവസ്ഥയെ “sarcopenic obesity” എന്നു വിളിക്കുന്നു. ഡെക്സാ സ്കാൻ വഴി ഈ അവസ്ഥയും കൃത്യമായി തിരിച്ചറിയാൻ സാധിക്കും.
പ്രതിരോധം
സാർകോപീനിയയ്ക്ക് എതിരെ ഏറ്റവും ഫലപ്രദമായ സമീപനം പ്രതിരോധം തന്നെയാണ്:
പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം: മുട്ട, മീൻ, പയർവർഗങ്ങൾ, പാൽ മുതലായവ സ്ഥിരമായി ഉൾപ്പെടുത്തുക.
വ്യായാമങ്ങൾ: റെസിസ്റ്റൻസ് ബാൻഡ് വ്യായാമം, സ്ട്രെങ്തനിങ് വ്യായാമങ്ങൾ തുടങ്ങിയവ ചെയ്യുക.
വിറ്റാമിൻ D കുറവുള്ളവർ അത് ചികിത്സിക്കുന്നത് ഗുണം ചെയ്യും.
പുതുപുത്തൻ മരുന്നുകൾ ഗവേഷണഘട്ടത്തിലാണ് എന്നതിനാൽ മരുന്നുകൾ ഒന്നും ലഭ്യമല്ല
കേരളത്തിലെ ജീവിതരീതിയും ആഹാരശീലങ്ങളും സാർകോപീനിയയുടെ സാധ്യത വർധിപ്പിക്കുന്നു. മുതിർന്നവർ പലപ്പോഴും നിത്യരോഗികളായി മാറുന്നു.
നമ്മുടെ വീട്ടിൽ എന്നും സമയം തെറ്റിച്ച് കാണിക്കുന്ന ഒരു ഘടികാരവും, ഒരിക്കലും സമയം തെറ്റിക്കാത്ത മറ്റൊരു ഘടികാരവും ഉണ്ടെന്ന് കരുതുക. ആദ്യത്തെ ഘടികാരം ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്; ചിലപ്പോൾ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരും. അതിന് അധികം ആയുസ്സ് കാണില്ല, കൂടാതെ പലരും അതിനെ ഒരു ശല്യമായി കരുതുകയും ചെയ്യും. എന്നാൽ, ഒരു ഘടികാരം വർഷങ്ങളോളം നന്നായി പ്രവർത്തിച്ചതിന് ശേഷം പെട്ടെന്ന് നിശ്ചലമായാൽ, കാണുന്നവർക്കെല്ലാം കുറച്ചു കാലത്തേക്ക് വലിയ നഷ്ടമായി തോന്നും.
നിങ്ങൾക്ക് ഏത് ഘടികാരം ആകാനാണ് ആഗ്രഹം? മരണംവരെ നല്ല ആരോഗ്യത്തോടെ പ്രവർത്തിക്കുന്ന രണ്ടാമത്തെ ഘടികാരം, അല്ലേ?
അതിനാൽ, പ്രായം കൂടുമ്പോഴും നിത്യേന വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക, സാമൂഹ്യബന്ധങ്ങൾ സജീവമായി നിലനിർത്തുക.